പോർട്ട് ചെസ്റ്റർ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് പോർട്ട് ചെസ്റ്റർ സെന്റ് ജോർജ് ദേവാലയത്തിൽ പേരന്റ്സ് ആൻഡ് കപ്പിൾസ് കോൺഫറൻസ് വിജയകരമായി നടന്നു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കോളോവോസിന്റെ നേതൃത്വത്തിലും ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുറിയാക്കോസിന്റെ സഹകരണത്തിലും നടത്തപ്പെട്ട പ്രാർഥനയോടെ പരിപാടികൾക്ക് തുടക്കമായി. വെസ്റ്റ് ചെസ്റ്റർ പളളി വികാരി റവ. ഡോ. ജോർജ് കോശി സ്വാഗതം പറഞ്ഞു. പൗരോഹിത്യ ശുശ്രൂഷയുടെ രജത ജൂബിലി ആഘോഷിക്കുന്ന മാർ നിക്കോളോവോസിന് അദ്ദേഹം ഭാവുകങ്ങൾ നേർന്നു.

ദൈവത്തെ മുൻ നിർത്തിയ കുടുംബം ഉദാത്തമായ ക്രിസ്തീയ മാതൃക എന്ന ബൈബിൾ വചന ഭാഗം (യോശുവ 24 :15) ആധാരമാക്കി സന്ദേശം നൽകി മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. കോൺഫറൻസ് മുഖ്യ പ്രഭാഷകൻ ഫാ. ഏബ്രഹാം ജോർജ്, ഗ്രൂപ്പ് ചർച്ചകളുടെ നേതൃത്വം വഹിക്കാനെത്തിയ വെരി. റവ. ഡോ. ചാഡ് ഹാർട്ട് ഫീൽഡ്, അദ്ദേഹത്തിന്റെ പത്നി മറ്റുഷ്ക തെക്കല, ഫാ. സുജിത് തോമസ്, ഡോ. ജസ്റ്റിൻ സഖറിയ എന്നിവരെ മർത്തമറിയം വൈസ് പ്രസിഡന്റ് ഫാ. ടി. എ. തോമസ് പരിചയപ്പെടുത്തി.
വെരി. റവ. കെ. മത്തായി കോർ എപ്പിസ്കോപ്പാ, വെരി റവ. ആദായി പൗലോസ് കോർ എപ്പിസ്കോപ്പ, വെരി. റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ. റവ. ഡോ. ജോർജ് , ഫാ. ജോർജ് മാത്യു, ഫാ. മാത്യൂ തോമസ്, ഫാ. അലക്സ് കെ. ജോയ്, റവ. ഡോ. രാജു വർഗീസ്, ഫാ. ഷിബു ഡാനിയേൽ, ഫാ. വി.എം. ഷിബു, ഫാ. ജോൺ ശങ്കരത്തിൽ, ഫാ. ബോബി പീറ്റർ, ഫാ. പൗലൂസ് ടി. പീറ്റർ, റവ. ഡീക്കൻ ഗീവർഗീസ് കോശി എന്നിവർ സന്നിഹിതരായിരുന്നു. കോൺഫറൻസിന് ആതിഥേയത്വം വഹിച്ച സെന്റ് ജോർജ് ഇടവകയിലെ റവ. ഡോ. ജോർജ് കോശിയുടെയും ഇടവകാംഗങ്ങളുടെയും മർത്തമറിയം സമാജത്തിലെ അംഗങ്ങളുടെയും സഹകരണത്തിന് കോൺഫറൻസ് കോ ഓർഡിനേറ്റർ ഷൈനി രാജു നന്ദി അറിയിച്ചു.

സത്യസന്ധവും സുതാര്യവുമായ ദൈവ ഭയം കുടുംബ ജീവിതത്തിന്റെ അടിസ്ഥാന ശില എന്ന വിഷയത്തെക്കുറിച്ച് ഫാ. ഏബ്രഹാം ജോർജ് (എബിയച്ചൻ) മുഖ്യ പ്രഭാഷണം നടത്തി. ആരാധനയും സ്തുതിയും ഓർത്തഡോക്സ് പശ്ചാത്തലത്തിൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഫാ. സുജിത തോമസ് നടത്തിയ സെഷൻ ശ്രദ്ധയമായി. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ കുട്ടികളുടെ ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ധനായി സേവനമനുഷ്ഠിക്കുന്ന ഡോ. ജസ്റ്റിൻ സഖറിയ ശിശുക്കളുടെ ആരോഗ്യരംഗത്തെ പ്രശ്നങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് സ്ഥിതി വിവരക്കണക്കുകൾ ഉദ്ധരിച്ച് നടത്തിയ വർക് ഷോപ്പ് വിജ്ഞാനപ്രദമായി. മിഷനറി ദമ്പതികളായ വെരി റവ. ഡോ. ചാഡ് ഹാർട്ട് ഫീൽഡും മറ്റുസ്ക തെക്ല ഹാർട്ട് ഫീൽഡും സഭയും പ്രേക്ഷിത ശുശ്രൂഷയും എന്ന വിഷയത്തെ പ്രവർത്തനാനുഭവങ്ങളുടെ വെളിച്ചത്തിൽ ആഴത്തിൽ അപഗ്രഥിച്ചു സംസാരിച്ചു. സെന്റ് ജൂലിയാന സൊസൈറ്റിയുടെ സ്ഥാപകയും സെന്റ് വ് ളാഡിമർ സെമിനാരി പ്രവർത്തകയുമായ മറ്റുസ്ക ഹാർട്ട് ഫീൽഡും വെരി. റവ. ഡോ. ചാഡ് ഹാർട്ട് ഫീൽഡും ആഫ്രിക്ക മുതൽ അലാസ്ക വരെ പ്രേക്ഷിത ശുശ്രൂഷ ചെയ്യുന്നു.

കോൺഫറൻസിനോടനുബന്ധിച്ച് പൗരോഹിത്യ ശുശ്രൂഷയുടെ രജത ജൂബിലി ആഘോഷിക്കുന്ന മാർ നിക്കോളോവോസിന് ആയുരാരോഗ്യങ്ങളും മംഗളങ്ങളും നേർന്ന് സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ മെത്രാപ്പോലീത്ത കേക്ക് മുറിച്ചു. സെന്റ് ജോർജ് ഇടവകാംഗം അലക്സാണ്ടർ വർഗീസ് തിരുമേനിക്കുവേണ്ടി തയാറാക്കിയതായിരുന്നു കേക്ക്.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗങ്ങളായ അജിത് വട്ടശേരിൽ, ഷാജി കെ. വർഗീസ്, മലങ്കര സഭാ മാനേജിംഗ് കമ്മറ്റിയംഗം പോൾ കറുകപ്പിളളി, സമാജം ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. മർത്തമറിയം സമാജം നോർത്ത് ഈസ്റ്റ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ടി. എ. തോമസ് യോഗ നടപടികൾ നിയന്ത്രിച്ചു. സെക്രട്ടറി സാറാ വർഗീസ് നന്ദി അറിയിച്ചു. മാർ നിക്കോളോവോസിന്റെ പ്രാർഥയോടും ആശീർവാദത്തോടും കോൺഫറൻസ് സമാപിച്ചു.

0 അഭിപ്രായ(ങ്ങള്‍):