Tuesday, 19 May 2015

സ്ത്രീ സമത്വം പാഠ്യ പദ്ധതിയിലേക്ക് ; ലഖ്‌നൗവില്‍ നിന്നൊരു മലയാളി മാതൃക





കൊച്ചി : സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ കണക്കില്‍ മുന്‍നിരയിലുള്ള ഉത്തര്‍പ്രദേശിലെ വിദ്യാലയങ്ങളില്‍ ആദ്യമായി സ്ത്രീ സമത്വ മൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠ്യപദ്ധതി ആരംഭിക്കുമ്പോള്‍ സഫലമാകുന്നത് ഒരു മലയാളി സാമൂഹിക പ്രവര്‍ത്തകയുടെ കഠിനപ്രയത്‌നം.
ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളില്‍, പൈലറ്റ് പദ്ധതിയായി ലിംഗസമത്വത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്രത്യേക പാഠ്യപദ്ധതി ആരംഭിച്ചത് യുനിസെഫിന്റെ ലഖ്‌നൗ ഓഫിസില്‍ സോഷ്യല്‍ പോളിസി സ്‌പെഷലിസ്റ്റായ ഡോ. പീയൂഷ് ആന്റണിയുടെ ശ്രമഫലമായാണ്.
ദൂരദര്‍ശന്‍ നടത്തിയ വിദ്യാഭ്യാസ റിയാലിറ്റി ഷോ ഹരിതവിദ്യാലയം, സ്വകാര്യ ചാനലില്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള റിയാലിറ്റി ഷോ എന്നിവയിലെ വിധികര്‍ത്താവെന്ന നിലയില്‍ മലയാളികള്‍ക്കു സുപരിചിതയാണ് ചങ്ങനാശ്ശേരി പാറയ്ക്കല്‍ പരേതരായ പി.വി. ആന്റണിയുടെയും തങ്കമ്മ ആന്റണിയുടെയും മകളായ ഡോ. പീയൂഷ്. കേരള സര്‍വകലാശാലയില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചെയ്ഞ്ചില്‍നിന്ന് കൂര്‍ഗിലെ അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള ഗവേഷണപഠനത്തിന് ഡോക്ടറേറ്റും നേടിയ പീയൂഷ്, ബാംഗ്ലൂരില്‍ 'സേവ് ദ ചില്‍ഡ്രനിലും' നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തു വര്‍ഷം മുമ്പാണ് യുനിസെഫില്‍ ചേര്‍ന്നത്.
യു.പി. പാഠ്യപദ്ധതി പരിഷ്‌കരണം ഒറ്റ വര്‍ഷം കൊണ്ട് സാധ്യമാക്കിയതിനു പിന്നില്‍ രണ്ടു സ്ത്രീകള്‍ കൂടിയുണ്ട്. ഡോ. പീയൂഷിന് അനുമതിയും സഹായവും നല്‍കിയ യുനിസെഫിന്റെ ലഖ്‌നൗ ചീഫ് ഓഫ് ഫീല്‍ഡ് ഓഫിസര്‍ നിലഫര്‍ പോര്‍സാന്റും പാഠ്യപദ്ധതി തയ്യാറാക്കി നല്‍കിയ സാഝി ദുനിയ എന്ന സംഘടനയുടെ അമരക്കാരി, ലഖ്‌നൗ സര്‍വകലാശാലയിലെ ആദ്യ വനിതാ വൈസ് ചാന്‍സലര്‍ ഡോ. രൂപ് രേഖ വര്‍മ്മയും.
'' സംസ്ഥാനത്തെ സ്ത്രീകളുമായി രണ്ടര വര്‍ഷമായി അടുത്തിടപഴകുന്നതിനാല്‍ അവര്‍ വീട്ടിനുള്ളിലും പുറത്തും നേരിടുന്ന പീഡനങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയാം. കഴിഞ്ഞ മേയ് പതിനാലിന് ബദായുവില്‍ ദലിതരായ രണ്ടു സഹാദരികള്‍ ബലാല്‍ക്കാരത്തിനു ശേഷം കൊല്ലപ്പെട്ട സംഭവം കൂടിയായപ്പോള്‍, ലിംഗമൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠ്യപദ്ധതി ഉത്തര്‍പ്രദേശില്‍ നടപ്പാക്കാന്‍ വൈകിക്കൂടെന്നു തോന്നി. ഇക്കാര്യം നിലഫറുമായി സംസാരിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം സംസ്ഥാനത്തുടനീളം നടത്താന്‍ ഒരു പദ്ധതിക്ക് ഡോ. രൂപ്രേഖയുടെ സഹായം തേടാന്‍ നിലഫര്‍ നിര്‍ദ്ദേശിച്ചു. അവധിയെടുത്തിരുന്ന് ഞാന്‍ ഒരു കരട് പദ്ധതി രൂപപ്പെടുത്തി. അത് ഒരു ചെറിയ മാറ്റം പോലും വരുത്താതെ ഡോ. രൂപ്രേഖ അംഗീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ മികച്ച പാഠങ്ങള്‍ തയ്യാറാക്കി ''- ഡോ. പീയൂഷ് പറഞ്ഞു. ആഴത്തിലുള്ള ഗവേഷണവും സര്‍ഗാത്മകതയും ആവശ്യപ്പെടുന്നതായിരുന്നു പാഠങ്ങളുടെ പൊളിച്ചെഴുത്ത്.
മാതൃകാപരമായ വേറെയും പദ്ധതികള്‍ ഡോ. പീയൂഷിന്റേതായുണ്ട്. ആന്ധ്രപ്രദേശില്‍ ജോലി ചെയ്യുമ്പോള്‍ എസ്.എം.എസ്. വഴി കലക്ടറും ജില്ലാ അധികാരികളും പരാതി സ്വീകരിക്കുന്ന 'പരിഷ്‌കാരം' എന്ന പദ്ധതി പീയൂഷ് രൂപകല്‍പ്പന ചെയ്ത് മേദക് ജില്ലയില്‍ നടപ്പാക്കി . പദ്ധതി അതേപടി പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയില്‍ ' സമാധാന്‍' എന്ന പേരില്‍ നടപ്പാക്കിയത് അതിന്റെ വന്‍വിജയത്തിനു തെളിവാണ്.
സമത്വ പാഠങ്ങള്‍ പ്രീപ്രൈമറി തലം മുതല്‍ പകര്‍ന്നു നല്‍കുന്ന സിലബസ് കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മുമ്പുതന്നെയുണ്ട്. ഡല്‍ഹി സംഭവത്തിനുശേഷം സി.ബി.എസ്.ഇ. പാഠങ്ങളിലും ലിംഗമൂല്യങ്ങള്‍ സംബന്ധിച്ച പാഠങ്ങള്‍ ഉള്‍പ്പെടുത്തി. പക്ഷേ, ഉത്തര്‍പ്രദേശ് പോലെയൊരു സംസ്ഥാനത്ത് ഇതു നടപ്പാക്കാന്‍ സാധിച്ചത് വലിയ നേട്ടമായി സാമൂഹിക പ്രവര്‍ത്തകര്‍ കരുതുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ അധ്യാപകര്‍ക്കു പരിശീലനം നല്‍കി ഈ മാസം ഒന്നിനു ക്ലാസുകള്‍ തുടങ്ങി. 
(Mathrubhumi)

0 അഭിപ്രായ(ങ്ങള്‍):